കൊച്ചി വാട്ടർ മെട്രോ; ആദ്യ ഘട്ടം ജൂൺ മാസം കമ്മീഷൻ ചെയ്യും, പരീക്ഷണയോട്ടം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം ജൂൺ മാസം കമ്മീഷൻ ചെയ്യും. വൈറ്റില-കാക്കനാട് ജലപാതയിൽ കൊച്ചി വാട്ടർ മെട്രോയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. കൊച്ചി കപ്പൽശാലയിൽ നാലു ബോട്ടുകളുടെ നിർമ്മാണം കൂടി ഉടൻ പൂർത്തിയാകും.78 ബോട്ടുകളുമായാണ് ജല മെട്രോയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. 76 കിലോമീറ്റർ ദൂരത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ചാണ് ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുന്നത്. ഇതിൽ മൂന്ന് ജെട്ടികളുടെ നിർമാണം പൂർത്തിയായി.

കൊച്ചി കപ്പൽശാലയിലാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. 100 പേർക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകളുടെ നിർമ്മാണമാണ് നടക്കുന്നത്. ഇതിൽ നാലെണ്ണം ഉടനെയും ബാക്കിയുള്ളവ നവംബറോടെയും ഷിപ്പ്‌യാർഡ് കൈമാറും. അകത്തിരുന്ന് കായൽകാഴ്ചകൾ പൂർണമായും ആസ്വദിക്കാൻൃ കഴിയുന്ന ബോട്ടുകളാണ് നിർമ്മിക്കുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് പൊതു ഗതാഗതത്തിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇത്രയും വലിയ ബോട്ടിന്റെ നിർമ്മാണം നടക്കുന്നത്. ബോട്ടിൽ അമ്പത് പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം.7.6 കോടി രൂപയാണ് ഒരു ബോട്ടിന്റെ നിർമാണ ചെലവ്. ഹൈക്കോടതി, വൈപ്പിൻ, ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ ടെർമിനലുകളുടെ നിർമ്മാണം അടുത്ത വർഷം ഏപ്രിലോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 നോട്ട് (നോട്ടിക്കൽ മൈൽ പെർ അവർ) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

കായൽപരപ്പിലൂടെ വേഗത്തിൽ പോകുമ്പോഴും പരമവാധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന. വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കൺട്രോൾ സെന്ററിൽ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ബാറ്ററി ചാർജ് തീർന്നാൽ യാത്ര തുടരാൻ ഡീസൽ ജനറേറ്റർ സൗകര്യവുമുണ്ട്.