മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പാണക്കാട് മുൻവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി തങ്ങൾ. 1947 ജൂൺ 15 പാണക്കാടാണ് അദ്ദേഹത്തിന്റെ ജനനം. 18 വർഷത്തോളം മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്നാണ് മുസ്ലീം ലീഗ് പ്രസിഡന്റായത്. 2009 ഓഗസ്റ്റ് ഒന്നിനാണ് അദ്ദേഹം സംസ്ഥാന പ്രസിഡന്റായത്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്‌ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. വയനാട് ജില്ലയുടെ ഖാസി, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുന്നി വിദ്യാർഥി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

