ന്യൂഡൽഹി: വാഹനങ്ങളിലെ ഇന്ധന ടാങ്കുകൾ എത്രയും വേഗം നിറച്ച് വെയ്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇന്ധന വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങളുടെ ഇന്ധന ടാങ്കുകൾ വേഗത്തിൽ നിറച്ച് വെക്കുക. മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയിരിക്കുകയാണ്.
മാർച്ച് ഒന്നിന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളറായി ഉയർന്നുവെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2014 ഓഗസ്റ്റിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

