കോഴിക്കോട്: പാര്‍ട്ടി ഫണ്ട് പിരിവ് ഡിജിറ്റലാക്കാനൊരുങ്ങി മുസ്ലിം ലീഗ്. ഇതിനായി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഫണ്ട് പിരിച്ചതിന് ശേഷം രസീത് നല്‍കും. റമദാന്‍ മാസത്തിലാണ് സാധാരണയായി ലീഗ് ഫണ്ട് പിരിവ് നടത്താറ്. പൊതുജന ഫണ്ട് ശേഖരണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പിരിവും രണ്ടായാണ് നടത്താറുള്ളത്.
ലീഗിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വിപുലമായ ഫണ്ട് പിരിവിനും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എല്ലാ വീടുകളിലും കയറി ഫണ്ട് ശേഖരിക്കാനാണ് നീക്കം. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച ഫണ്ട് പിരിവ് വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനായി, ഒറ്റ അക്കൗണ്ടില്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന തരത്തില്‍ മലപ്പുറം ജില്ലാ ഓഫീസില്‍ പ്രത്യേക സൗകര്യമൊരുക്കും. ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് ഈ മാസം 25നകം പദ്ധതി തയ്യാറാക്കും.

