കണ്ണൂർ: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചതിനു ശേഷം തനിക്കെതിരെ വന്ന വാർത്തകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സിപിഎമ്മിൽ തനിക്കു കിട്ടിയ സ്ഥാനത്തിൽ അതൃപ്തിയുണ്ടോയെന്ന കാര്യമാണ് മാദ്ധ്യമങ്ങൾക്ക് അറിയേണ്ടത്. എന്നാൽ കോൺഗ്രസിൽ ഇത്തരം ജനാധിപത്യ പ്രക്രിയയുണ്ടോയെന്നാണ് തനിക്കു തിരിച്ചു ചോദിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പൊതു പ്രവർത്തകനെന്ന നിലയിൽ എന്തു പദവി കിട്ടുമെന്നല്ല പ്രശ്നം. മറിച്ചു നാം എടുക്കുന്ന നിലപാടാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. തന്നെ കുറിച്ചുള്ള ഫേസ്ബുക്ക് പ്രതികരണങ്ങൾ കണ്ടില്ലെന്നും സിപിഎമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ഫലസിദ്ധിയെ കുറിച്ചാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ തീരുമാനവും പാർട്ടി ഏകകണ്ഠമായെടുത്തതാണെന്നും ഇതിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

