മുംബൈ: ലോകത്ത് വൻ പണക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമായി ഇന്ത്യ. 2022 ലെ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വൈറസ് വ്യാപനവും തുടർന്നുണ്ടായ പ്രശ്‌നങ്ങളും ബിസിനസ് മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും 2020-21 ൽ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 30 മില്യണിലധികം ഡോളർ ആസ്തിയുളളവരുടെ പട്ടികയിൽ ഇന്ത്യ മുന്നിൽതന്നെയുണ്ട്. 2021 ൽ മാത്രം ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത് 11 ശതമാനം വർധിച്ചുവെന്നും അടുത്ത അഞ്ച് വർഷത്തിനിടെ ഇത് 39 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശതകോടീശ്വരരുടെ സ്വത്ത് ഈ വർഷം 10 ശതമാനം വർദ്ധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. മുംബൈ നഗരത്തിലാണ് ഏറ്റവും അധികം ശതകോടിശ്വരർ ഉള്ളത്. ഹൈദരാബാദാണ് ശതകോടീശ്വരരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ബംഗളൂരുവും നാലാം സ്ഥാനത്ത് ഡൽഹിയും അഞ്ചാം സ്ഥാനത്ത് ചെന്നൈയുമാണ്. ഹൈദരാബാദിൽ 467 ശതകോടീശ്വരരും ബംഗളൂരുവിൽ 352 ശതകോടീശ്വരരും ഡൽഹിയിൽ 312 ശതകോടീശ്വരരുമാണുള്ളത്. ചെന്നൈയിൽ 264 ശതകോടീശ്വരരുമുണ്ട്.
അതേസമയം, 2026ഓടെ ബംഗളൂരുവിൽ ധനികരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 665 പേരാകും അന്ന് നഗരത്തിലെ വലിയ പണക്കാരെന്നും ഇത് ഇന്നത്തെ കണക്കിലും 88.9 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഹൈദരാബാദിൽ ഈ സമയമാകുമ്പോഴേക്കും കോടീശ്വരരുടെ എണ്ണം 728 ആയി ഉയരും. വിവിധ വൻകരകളിലെ കണക്കനുസരിച്ച് ഏഷ്യയിലും ഓസ്ട്രലേഷ്യയിലും അടുത്ത നാല് വർഷത്തിനകം 33 ശതമാനം വർദ്ധനയുണ്ടാകും.
വടക്കേ അമേരിക്കയിൽ 28 ശതമാനവും ലാറ്റിനമേരിക്കയിൽ 26 ശതമാനവും വളർച്ച രേഖപ്പെടുത്തും. ഡൽഹിയിലാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശതകോടീശ്വരന്മാരിൽ വലിയ വർദ്ധന രേഖപ്പെടുത്തിയത്. 101.2 ശതമാനം വർധനവാണ് ഡൽഹിയിൽ ഉണ്ടായത്. മുംബൈയിൽ 42.6 ശതമാനവും ബംഗളൂരുവിൽ 22.7 ശതമാനവും വർധനവുണ്ടായി. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും കഴിഞ്ഞ വർഷം വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

