സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഡോക്ടര്‍മാരുടെ ആക്ഷേപങ്ങള്‍ക്ക് പ്രതികരണവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിമര്‍ശനം ഉന്നയിച്ച വിഷയത്തില്‍ ഡോക്ടര്‍മാരുടെ ആക്ഷേപങ്ങള്‍ക്ക് പ്രതികരണവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. ‘തെറ്റായതൊന്നും താന്‍ പറഞ്ഞിട്ടില്ല. ഡോക്ടര്‍മാരെ അപമാനിച്ചിട്ടില്ല, അവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മൂന്ന് കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച ആശുപത്രിയിലെ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയതാണ്. പരാതി നല്‍കിയാലും കേസ് കൊടുത്താലുമൊന്നും പ്രശ്നമല്ല. അതെല്ലാം അവരുടെ അവകാശമാണ്’- ഗണേഷ് പറഞ്ഞു.

അതേസമയം, കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര മറിച്ച് അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാര്‍ വേണമെന്ന് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്സ് ഫെഡറേഷനും നേരത്തെ പ്രതികരിച്ചിരുന്നു. ‘1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. 40 കിടക്കകളുളള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്തികയാണ് ഉളളത്. എഴുപത് വയസുളള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല. പുതിയ ഫിസിയോതെറാപ്പി മെഷീന്‍ ജീവനക്കാരില്ലാതെ എങ്ങനെ പ്രവര്‍ത്തിപ്പിക്കും? എന്നിട്ടും, അത്യാവശ്യം ഡോക്ടര്‍മാര്‍ അത് ഉപയോഗിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളികുമാരിയാണോ കുറ്റക്കാരി? അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ ആയുര്‍വേദത്തിന് അത് ചെയ്യുന്നില്ല. മതിയായ സൗകര്യങ്ങള്‍ നല്‍കാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല’- ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂരെ ആശുപത്രി കെട്ടിടം സന്ദര്‍ശിച്ച എംഎല്‍എ കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ പൊടിപിടിച്ചതില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.