കൊച്ചി: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്ന അഭിപ്രായത്തിൽ തന്നെയാണ് നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രതിപക്ഷവും ബിജെപിയും നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറു കൊണ്ട് എത്തുന്ന റെയിൽ പദ്ധതിയെ എന്തിനാണ് എതിർക്കുന്നതെന്നും നാടിന്റെ വികസനത്തിന് ആവശ്യമല്ലേ പദ്ധതിയെന്നും അദ്ദേഹം ചോദിച്ചു.
ആളുകളുടെ സമയ നഷ്ടം അത് നാടിന്റെ നഷ്ടമല്ലേ. പക്ഷേ വലിയ എതിർപ്പുമായിട്ടാണ് യുഡിഎഫും ബിജെപിയും രംഗത്ത് വന്നത്. യുഡിഎഫ് ആണെങ്കിൽ എല്ലാ രീതയിലും ബിജെപിയെ കൂട്ട് പിടിച്ച് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. നാടിനെ പുറകോട്ട് അടിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാട് മുന്നോട്ട് പോകണം. നാടിന്റെ ഭാവി അത് ഇന്ന് ജീവിക്കുന്നവർക്ക് മാത്രമല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയാണ്. നാട് കാലാനുസൃതമാകണം. ഭാവി തലമുറ കുറ്റപ്പെടുത്ത തക്ക സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നല്ല രീതിയിൽ ഇടപ്പെട്ടു പോവുക, കെ റെയിൽ പദ്ധതി നടപ്പിലാക്കുക ഇതാണ് ഏറ്റവും പ്രധാനം. അക്കാര്യത്തിൽ ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്നത് എന്താണോ അത് ചെയ്യുക എന്നത് തന്നെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇവിടെ നാടിനെ തകർക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും ശ്രമങ്ങൾക്കെതിരെ ശരിയായ രീതിയിലുള്ള ഇടപെടൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

