ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും ഉടൻ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുക്രൈനിൽ നിന്നും ഇതുവരെ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്നും നിലവിൽ കുടുങ്ങിയിരിക്കുന്നവരിൽ ഭൂരിഭാഗം പേരെയും അടുത്ത ദിവസം രാജ്യത്തേക്ക് തിരികെ എത്തിക്കാൻ കഴിയുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ അതിർത്തികളിലെത്തിക്കാൻ കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും സ്പെഷ്യൽ ട്രെയിനുകൾക്കായി യുക്രൈനോട് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം വിശദമാക്കി.
സുമിയിൽ എഴുനൂറിലേറെ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 300 പേർ ഖാർകീവിലും, 900 പേർ പിസോച്ചിനിലും കുടുങ്ങിയിട്ടുണ്ട്. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരാനാണ് തീരുമാനം. 48 വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗ മിഷൻ വഴി ഇതുവരെ സർവീസ് നടത്തിയത്. സംഘർഷം അവസാനിക്കാതെ രക്ഷാദൗത്യം സുഗമമാകില്ലെന്നും എന്നാൽ യുക്രൈനിൽ ഒരു വിദ്യാർത്ഥിയും ബന്ദിയാക്കപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്തെത്താൻ ശ്രമം തുടരുന്നതായും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

