റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ച് ബിബിസി

യുക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ബി.ബി.സി അറിയിച്ചു. ബി.ബി.സി റഷ്യയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകളോടും പ്രവര്‍ത്തനം നിര്‍ത്താന്‍ ബിബിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബിബിസി ന്യൂസ് റഷ്യയ്ക്ക് പുറത്ത് നിന്ന് റഷ്യന്‍ ഭാഷയില്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരമ പ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാന്‍ ഞങ്ങള്‍ തയ്യാറല്ല.’ – ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, നാറ്റോ നോ ഫ്‌ളൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്ന് സെലന്‍സ്‌കി ആരോപിച്ചു. യുക്രൈന്‍ തകര്‍ന്നാല്‍ യൂറോപ്പ് മുഴുവന്‍ തകരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് നിരുപാധികം പിന്‍വാങ്ങണമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും ആവശ്യപ്പെട്ടു. നാറ്റോ യുക്രൈനിലേയ്ക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടിലാണ്. അങ്ങനെയെങ്കില്‍ നഷ്ടപ്പെടുന്ന ജീവനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നാറ്റോയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കിയിട്ടുണ്ട്.