ഡിസിസി ഭാരവാഹി പട്ടിക ഉടൻ പ്രഖ്യാപിക്കും; കെ സുധാകരനും വി ഡി സതീശനും കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും. സമവായ ശ്രമത്തിന്റ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച്ച ഇരു നേതാക്കളും വീണ്ടും ചർച്ച നടത്തുമെന്നാണ് വിവരം.

വിഡി സതീശൻ അനുകൂലികൾ കഴിഞ്ഞ ദിവസം കരട് പട്ടികയിൻമേൽ സുധാകരനുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇരു വിഭാഗങ്ങളും വിട്ടു വീഴ്ച്ച ചെയ്ത് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയിലെത്തുകയും ചെയ്തിരുന്നു.

എംപി മാരുടെ പരാതിയുണ്ടെന്ന പേരിലാണ് ഹൈക്കമാന്റ് പുനസംഘടന നിർത്തിവെച്ചത്. ഇതിൽ രോഷാകുലനായ സുധാകരൻ പദവി ഒഴിയും എന്ന് എഐസിസിയെ അറിയിക്കുകയും ചെയ്തിരുന്നു. കെ സി വേണുഗോപാലും സതീശനും ചേർന്നു പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി. ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തലയാണെന്നാണ് സതീശന്റെ ആരോപണം. ഭാരവാഹി പട്ടികയുടെ പ്രഖ്യാപനം നടക്കുകയാണെങ്കിലും ഭിന്നത തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.