കോടിയേരി തന്നെ നയിക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം വട്ടവും കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ മൂന്നാം വട്ടവും കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറി പദത്തിലെ സര്‍വ്വസമ്മതിയും പ്രവര്‍ത്തന മികവും തന്നെയാണ് കോടിയേരിയുടെ മൂന്നാം ഊഴത്തിന്റെ കാരണം. പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന ഘടകത്തെ നയിക്കുമെന്ന് പറഞ്ഞ് സീതാറാം യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്

തൃശ്ശൂരില്‍ രണ്ടാമൂഴവും കടന്ന് എറണാകുളത്തെത്തുമ്പോള്‍ നായക സ്ഥാനത്ത് കോടിയേരിക്ക് പകരം പാര്‍ട്ടിക്ക് മുന്നില്‍ മറ്റൊരു പേരുണ്ടായിരുന്നില്ല. ഗൗരവക്കാരനായ പിണറായിയില്‍ നിന്നും പാര്‍ട്ടി അമരത്തേക്കുള്ള സൗമ്യനായ കോടിയേരിയുടെ വരവ് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഒണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ കെ.എസ്.എഫിന്റെ ( എസ്.എഫ്.ഐ.യുടെ മുന്‍ഗാമി) യൂണിറ്റ് സ്‌കൂളില്‍ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും. അവിടെ നിന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് ഇന്നത്തെ പോളിറ്റ് ബ്യൂറോ അംഗത്തിലും, പാര്‍ട്ടി സെക്രട്ടറിയിലും വന്നെത്തി നില്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് എന്നും പിണറായിയാണ്. 37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും 49 ല്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും കോടിയേരി പിണറായിയുടെ പിന്‍ഗാമിയായി.

2019 ല്‍ ബാധിച്ച അര്‍ബുദം ശരീരത്തെ തളര്‍ത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തകര്‍ന്നില്ല. എന്നാല്‍, മകന്‍ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസില്‍ രണ്ട് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ കോടിയേരിക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി ഒഴിയേണ്ടി വന്നു. പാര്‍ട്ടിക്ക് കരുത്തുപകര്‍ന്ന പിണറായി – കോടിയേരി ടീമിന് മുന്നില്‍ ഇനിയുള്ളത് പുതിയ കാലത്തെ വെല്ലുവിളികളാണ്.