ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓപ്പറേഷന് ഗംഗ എന്ന പേരിലാണ് ഇന്ത്യ പൗരന്മാരെ നാട്ടിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ടി വാണിജ്യ വിമാനങ്ങളെ കൂടാതെ വ്യോമസേനയും പങ്കുചേര്‍ന്നിട്ടുണ്ട്. നാല് ഭീമന് സി17 ഗ്ലോബ്മാസ്റ്റര് ചരക്ക് വിമാനങ്ങളെയാണ് ഇതിനായി വ്യോമസേന നിയോഗിച്ചിരിക്കുന്നത്. എണ്‍പത് ടണ്‍ വരെ ഭാരം വഹിച്ച് കൊണ്ട് പറക്കാന്‍ കഴിയുന്ന വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര് ചരക്ക് വിമാനങ്ങള്‍ അമേരിക്കയില്‍ നിന്നുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
അതേസമയം, യുക്രൈനില്‍ നിന്നും പൗരന്മാരുമായി എത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് പറക്കുന്നത്. അതിനാല്‍, പരമാവധി 25-30 മിനിട്ട് അധികമായി വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരും. യുക്രൈനില്‍ ഒറ്റപ്പെട്ട എണ്ണൂറ് ഇന്ത്യക്കാരെയാണ് വ്യോമസേന തിരികെ നാട്ടില്‍ എത്തിച്ചത്.
ഇന്ത്യ മുന്‍പ് നടത്തിയിട്ടുള്ള ഓപ്പറേഷനുകളുടേയും അവിഭാജ്യ ഘടകമായിരുന്നു ഈ വിമാനങ്ങള്‍. ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ച അവസരത്തില്‍ ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ടാങ്കുകളടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുവാനും, കൊവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ ഓക്സിജന്‍ ടാങ്കറുകള്‍ അതിവേഗം രാജ്യത്ത് വിവിധ ഇടങ്ങളില്‍ എത്തിക്കുവാനും ഇവ സഹായകമായിരുന്നു.

