ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂർ; ഗുരുവായൂർ നഗരസഭയുടെ ശുചിത്വ അംബാസഡറാകാൻ നവ്യാ നായർ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വ അംബാസഡറാകാൻ നടി നവ്യാ നായർ. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നവ്യ നായരുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചെയർമാൻ എം. കൃഷ്ണദാസാണ് പ്രഖ്യാപനം നടന്നത്. ‘ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂർ’ എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി നഗരസഭയുടെ മാലിന്യസംസ്‌കരണപദ്ധതികൾ കൂടുതൽ പുരോഗതിയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രഞ്ജിത്തിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രമാണ് നവ്യാ നായരെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയായ ബാലാമണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നവ്യ വേഷമിട്ടത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് നന്ദനം. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയാണ് നവ്യയുടെ ഏറ്റവും പുതിയ ചിത്രം.