ഉപരി പഠനത്തിന് വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ട് വിദേശങ്ങളില്‍ പോകുന്നു? കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്‌

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി എന്തുകൊണ്ട് നമ്മുടെ നാട്ടിലെ കുട്ടികള്‍ വിദേശത്ത് പോകുന്നു എന്നതിനുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും നമ്പര്‍ 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തില്‍ നിന്നും ലക്ഷ കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും, യുക്രൈന്‍, അമേരിക്ക, ബ്രിട്ടന്‍ അടക്കം മറ്റു രാജ്യങ്ങളും തിരഞ്ഞെടുക്കുന്നത്. എനിക്ക് കിട്ടിയ ഉത്തരം.

1) കേരളത്തിലെ നിലവിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് നിലവാരം തീരെ ഇല്ല. അതായത് ഒരു അന്താരാഷ്ട്ര നിലവാരം ഇല്ലായെന്ന് യുക്രൈനിലടക്കം മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന കുട്ടികളും, അവരുടെ രക്ഷിതാക്കളും ചിന്തിക്കുന്നു.

2) യുക്രൈന്‍ അടക്കം മലയാളികള്‍ പഠിക്കാന്‍ പോകുന്ന മിക്ക രാജ്യങ്ങളിലും മെഡിക്കല്‍ സീറ്റുകള്‍ക്ക് പ്രവേശന പരീക്ഷയില്ല. ഇന്ത്യയില്‍, പ്രവേശന പരീക്ഷകളില്‍ വിജയിക്കുന്നതിനും മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് നേടുന്നതിനും വിദ്യാര്‍ത്ഥികള്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. അതിനാല്‍ അവര്‍ യുക്രൈന്‍ അടക്കം മറ്റ് രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നു.

3) കേരളത്തിലെ സ്വാശ്രയ കോളേജുകളെ അപേക്ഷിച്ച് അവിടെ ഫീസ് കുറവാണ്. കേരളത്തെ അപേക്ഷിച്ച് അവിടത്തെ ജീവിത ചിലവ് കുറവ്.

4) ഇന്ത്യയില്‍ നീറ്റ് പരീക്ഷയും, മെഡിക്കല്‍ പ്രവേശന പരീക്ഷയും നിര്‍ബന്ധമാണ്. എത്ര കഷ്ടപ്പെട്ടിട്ടും പലരും ജയിക്കാന്‍ ബുദ്ധിമുട്ടുന്നു. മറ്റു രാജ്യങ്ങളില്‍ പ്ലസ് ട, ഡിഗ്രിക്ക് ഇത്ര മാര്‍ക്ക് വേണമെന്ന് നിബന്ധന ഇല്ല. അതിനാല്‍ പാസായ ആര്‍ക്കും ഡൊണേഷന്‍ കൊടുക്കാനുള്ള പണം കൈയിലുണ്ടെങ്കില്‍ ഡോക്ടറോ, മറ്റ് എന്തുമോ ആകാം. മറ്റു വല്ല കാരണങ്ങളും ഉണ്ടോ? നിങ്ങളുടെ അഭിപ്രായം പറഞ്ഞറിയിക്കണേ…