ആര്യയുടെയും അഞ്ജുവിന്റെയും സ്വന്തം ചിലവില്‍ സൈറയും ലോക്കിയും നാട്ടിലേക്ക്

ന്യൂഡല്‍ഹി: യുക്രൈനിലെ ജീവന്‍മരണ പോരാട്ടത്തിലും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് ഇടുക്കിക്കാരി ആര്യ ആല്‍ഡ്രിനും, ചെങ്ങന്നൂരുകാരി അഞ്ജു ദാസും ഡല്‍ഹിയിലെത്തിയത്. എന്നാല്‍, നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ഇനിയും പ്രതിസന്ധികള്‍ നേരിടണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തു മൃഗങ്ങളെ കയറ്റാനാകാത്തതില്‍ സ്വന്തം ചിലവിലാണ് അവയെ നാട്ടിലെത്തിക്കുന്നത്.

ഇന്നലെയാണ് സൈറ എന്ന ഹസ്‌കി ഇനത്തില്‍ പെട്ട നായയുമായി യുക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ഥി ആര്യ ഡല്‍ഹിയില്‍ എത്തുന്നത്. യുദ്ധഭൂമിയില്‍ രക്ഷതേടി ഓടുമ്പോഴും അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ സൈറയും ആര്യക്കൊപ്പമുണ്ടായിരുന്നു. നടന്ന് ക്ഷീണിച്ച സൈറയെ സ്വന്തം ബാഗ് പോലും ഉപേക്ഷിച്ച് കൈയിലെടുത്താണ് ആര്യ 12 കിലോമീറ്ററോളം നടന്നത്. പ്രത്യേക വിമാനത്തില്‍ കൂട്ടിലിരുത്തി സൈറയെ ഡല്‍ഹിയിലെത്തിച്ചപ്പോഴാണ് നാട്ടിലെത്തിക്കാന്‍ ഇനിയും പ്രതിസന്ധികളുണ്ടെന്ന് ആര്യ തിരിച്ചറിഞ്ഞത്. എയര്‍ ഇന്ത്യാ വിമാനത്തില്‍ സ്വന്തം ചിലവില്‍ സൈറയെ നാട്ടിലെത്തിക്കാനാണ് കേരള ഹൗസില്‍ തിരിച്ചെത്തിയ ആര്യയുടെ ശ്രമം.

അതേസമയം, വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അഞ്ജുവിനൊപ്പം ലോക്കി എന്ന പൂച്ചയും ഡല്‍ഹിയിലെത്തുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കയറ്റാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ സ്വന്തം ചിലവില്‍ ലോക്കിയെയും കൊണ്ട് അഞ്ജുവും നാട്ടിലേക്ക് തിരിച്ചു.