തിരുവനന്തപുരം: കെഎസ്ആര്‍ടിസി രൂപീകരിച്ച കെ-സ്വിഫ്റ്റ് കമ്പനിക്കുള്ള അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളോടെയുള്ള വോള്‍വോയുടെ ആദ്യ സ്ലീപ്പര്‍ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മ്മിച്ച ബസുകളാണ് ഇവ. കെഎസ്ആര്‍ടിസി – സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കും.
അതേസമയം, അശോക് ലൈലാന്റ് കമ്പിനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിക്ക് ലഭിക്കും. ഏഴ് വര്‍ഷം കഴിഞ്ഞ കെഎസ്ആര്‍ടിസിയുടെ 704 ബസുകള്‍ മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എത്തുന്നത്.
കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ചിലവില്‍ ആണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 ബസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നത്. 16 ബസുകള്‍ കൂടി ടെന്റര്‍ നിരക്കില്‍ തന്നെ അധികം വാങ്ങാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ 116 ബസുകളാണ് ഉടന്‍ കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ എത്തുക.

