ജി സുധാകരൻ ഉൾപ്പെടെ 13 പേരെ ഒഴിവാക്കി സിപിഎം സംസ്ഥാന സമിതി പാനൽ

കൊച്ചി: പുതിയ സംസ്ഥാന സമിതിയുടെ പാനൽ തയ്യാറാക്കി സിപിഎം സംസ്ഥാന സമ്മേളനം. മുൻ മന്ത്രി ജി സുധാകരൻ ഉൾപ്പെടെ 13 പേരെ ഒഴിവാക്കിയുള്ള പാനലാണ് സിപിഎം തയ്യാറായിരിക്കുന്നത്.

സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ നേരത്തെ പാർട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. 1988 മുതൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരൻ. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയിൽ പ്രായപരിധിയിൽ ഇളവ് ലഭിച്ചത്.

പുതിയ പാനലിന് നിലവിലെ സംസ്ഥാന സമിതി അംഗീകാരം നൽകിയിട്ടുണ്ട്. ഇനി പ്രതിനിധികൾക്ക് മുന്നിൽ പാനൽ അവതരിപ്പിക്കും. ആനത്തലവട്ടം ആനന്ദൻ, കെ.ജെ തോമസ്, വൈക്കം വിശ്വൻ, പി.കരുണാകരൻ തുടങ്ങിയവർ ഉൾപ്പെടെയാണ് പാനലിൽ നിന്നും ഒഴിവാക്കപ്പെട്ടത്. 75 വയസ്സ് കഴിഞ്ഞ 13 മുതിർന്ന നേതാക്കളെയാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പുതുതായി സംസ്ഥാന സമിതിയിലേക്ക് എത്തുന്നുണ്ട്.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ.