നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ വച്ച് നിയമവിരുദ്ധമായി തുറന്നതായി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ വച്ച് നിയമവിരുദ്ധമായി തുറന്നതായി കണ്ടെത്തൽ. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിനെതിരെ ചലച്ചിത്ര സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന് വ്യക്തമല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ചോർന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്നാണ് അന്വേഷണ സംഘം വിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറാൻ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു.

ഫെബ്രുവരി 1 മുതൽ മാർച്ച് 1 വരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ നൽകാതെ മൂന്നുമാസം കൂടി തുടരന്വേഷണത്തിന് വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഈ മാസം 10 ന് തുടരന്വേഷത്തിന്റെ റിപ്പോർട്ട് കൈമാറാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. അതേസമയം, തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകുന്നതിനെ എതിർത്ത് കോടതിയിൽ ഹർജി നൽകാനാണ് ദിലീപിന്റെ തീരുമാനം.