കൊച്ചി: സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരായ വിമർശനത്തിന് മറുപടി നൽകി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശീയ അന്തർദേശീയ വിഷയങ്ങൾ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് വീഴ്ചകൾ ഒറ്റപ്പെട്ടതാണെന്നും ഗുരുതരമായി ഉയർത്തി കാട്ടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎഎസ് ഉദ്യോഗസ്ഥരിലും പ്രശ്‌നക്കാർ ഉണ്ട്. ഇവരെ പിണറായി സർക്കാരിന് തിരുത്തൻ കഴിയും. സിപിഐക്കെതിരായ പ്രാദേശിക വിമർശങ്ങൾ എഴുതി അറിയിക്കാം. ഇത് സിപിഐ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്ന വികസനത്തെ എതിർക്കുന്നതിനായി വലതുപക്ഷ വർഗീയതയും ഇടതുപക്ഷ വിരുദ്ധരും ചേർന്ന വിശാല കൂട്ടുമുന്നണി കേരളത്തിൽ രൂപപ്പെട്ട് വരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മുന്നണിയെ തുറന്ന് കാണിക്കണമെന്നും ശക്തമായ പ്രചരണം സംഘടിപ്പിക്കണമെന്നും സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
കേരളത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനമായി സിപിഐ എം എറണാകുളം സംസ്ഥാന സമ്മേളനം മാറി. കാർഷിക മേഖല ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പല പ്രതിനിധികളും മുന്നോട്ടുവെച്ചു. ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാൻ വിപണന സംവിധാനം ശക്തിപ്പെടുത്തണമെന്നത് നയരേഖയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായമുയർന്നു. പട്ടയ പ്രശ്നം പരിഹാരത്തിന് വേഗത്തിലിടപെടണം. പൊലീസിനെതിരെ സമ്മേളനത്തിൽ വിമർശനം ഉയർന്നില്ല. മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ സംസ്ഥാനത്ത് നേരിടാൻ കഴിഞ്ഞു. വന്യമൃഗശല്യം കാർഷിക മേഖലയിൽ ഉയർത്തുന്ന പ്രശ്നത്ത സംബന്ധിച്ചും പൊതുചർച്ചയിൽ അഭിപ്രായമുയർന്നു. തീരദേശ ശോഷണത്തിന് ശാസ്ത്രീയ പരിഹാരം വേണമെന്നും. വികസനരേഖ സമയബന്ധിതമായി നടപ്പാക്കണമെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നതായും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

