മോസ്‌കോ: യുക്രൈന് പിന്നാലെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകി ജോർജിയയും. റഷ്യയുടെ അടുത്ത ലക്ഷ്യം ജോർജിയ ആണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് ജോർജിയ യൂറോഫ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകിയത്. അതേസമയം യുക്രൈൻ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചർച്ച നടന്നു. ബെലാറസ് -പോളണ്ട് അതിർത്തിയിലാണ് രണ്ടാംവട്ട ചർച്ച നടന്നത്. രണ്ടും ദിവസങ്ങൾക്ക് മുൻപ് ബെലാറസിൽ റഷ്യയും യുക്രൈനും തമ്മിലുള്ള ആദ്യഘട്ട ചർച്ച നടന്നിരുന്നു. ഇത്ഫലം കാണാതെ വന്നതോടെയാണ് രണ്ടാംഘട്ട ചർച്ച നടത്തിയത്.
അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽ നിന്ന് പിന്മാറണം തുടങ്ങിയ ആവശ്യങ്ങളാണ് യുക്രൈന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറായില്ല. ഇതോടെ ആദ്യഘട്ട ചർച്ച ഫലംകാണാതെ പിരിഞ്ഞു.
യുക്രൈനിലെ ലക്ഷ്യങ്ങളെല്ലാം നേടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, യുക്രൈന്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സൺ റഷ്യൻ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല, വാഹനം വേഗത്തിൽ ഓടിക്കാൻ പാടില്ല, സൈന്യം ആവശ്യപ്പെട്ടാൽ വാഹനം പരിശോധനയ്ക്ക് നൽകണം എന്നിവയാണ് പുതിയ നിയമങ്ങൾ.

