ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഒഴിവാക്കാമായിരുന്നു; വിമർശനവുമായി ഉപലോകായുക്ത

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ വിമർശനവുമായി ഉപലോകായുക്ത ഹാറൂൺ എൽ റഷീദ്. നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓർഡിൻസിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്നാണ് ഉപലോകായുക്ത അഭിപ്രായപ്പെട്ടത്.

സർക്കാർ വടികൊടുത്ത് അടിവാങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു. വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കുന്നതിൽ എടുത്തു ചാടി തീരുമാനമെടുക്കുന്നത് കൊണ്ടാണ് സർക്കാർ ഇപ്പോൾ പഴി കേൾക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നൽകിയെന്ന ഹർജി പരിഗണിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിസഭ തീരുമാനം അനുസരിച്ചാണ് ദുരിതാശ്വാസ നിധിയിലെ പണം നൽകിയതെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഷാജി അറിയിച്ചത്. എന്നാൽ തെറ്റായ തീരുമാനങ്ങളാണെങ്കിൽ പുന:പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകനായ ജോർജ്ജ് പൂന്തോട്ടം വ്യക്തമാക്കി.