തിരുവനന്തപുരം: ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും വിധം കേരളം മുന്നേറുകയാണെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ. ഭക്ഷ്യോത്പാദകരും റസ്റ്റോറന്റുകളും തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് ഉയർന്ന നിലവാരം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിന്റെ തനതു ഭക്ഷണ സംസ്‌കാരത്തോടൊപ്പം മറ്റ് രുചി വൈവിധ്യങ്ങൾക്കും പ്രാധാന്യം നൽകാൻ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2021 വർഷത്തെ മെട്രോ ഫുഡ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എച്ച്.എഫ് രക്ഷാധികാരി ചന്ദ്രസേനൻ, മോഹൻദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ജി.മോഹൻദാസ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകൾക്ക് അർഹമായ അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ ഫുഡ് അവാർഡുകൾ നൽകുന്നത്. മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസും സംയുക്തമായി കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപറേഷൻ, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ്.കെ.എച്.എഫ്), സൗത്ത് ഇന്ത്യ ഹോട്ടൽസ് & റസ്റ്റോറന്റ്‌സ് അസോസിയേഷൻ (SIHRA) എന്നിവയുടെ സഹകരണത്തോടെയാണ് മെട്രോ ഫുഡ് അവാർഡ് സംഘടിപ്പിച്ചത്. അവാർഡിന്റെ ഒൻപതാമത് എഡിഷനാണ് നടന്നത്.
നഗരത്തിലെ റെസ്റ്റോറന്റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യം, പാചക വൈദഗ്ധ്യം, ശുചിത്വം, ഉപഭോക്താക്കളുടെ അഭിപ്രായം, വ്യവസായ പ്രമുഖരും പാചക വിദഗ്ധരും അടങ്ങുന്ന വിധികർത്താക്കളുടെ സമിതിയുടെ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്, തുടങ്ങിയവ കണക്കിലെടുത്താണ് മെട്രോ ഫുഡ് അവാർഡിന്റെ വിജയികളെ നിശ്ചയിച്ചത്. മെട്രോ ഫുഡ് അവാർഡിൻറെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ഭക്ഷ്യോല്പന്ന ബ്രാൻഡുകളെയും പാചകവിദഗ്ധരെയും സംരംഭകരെയും ചടങ്ങിൽ ആദരിച്ചു.
തിരുവനന്തപുരത്തെ ചെറുതും വലുതുമായ മുന്നൂറോളം ഭക്ഷണശാലകളാണ് മെട്രോ ഫുഡ് അവാർഡിൻറെ ഒന്നാം ഘട്ടത്തിൽ പങ്കെടുത്തത്. അതിൽ നിന്നും വിജയികളായ മുപ്പതോളം റസ്റ്റോറന്റുകൾക്കാണ് വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ നൽകിയത്. മോഹൻദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജി.മോഹൻദാസ് ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡിന് അർഹനായി.

