ഗോമെൽ: യുക്രൈൻ യുദ്ധമേഖലകളിൽ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷിത പാതയൊരുക്കാൻ ധാരണ. റഷ്യയും യുക്രൈനും തമ്മിൽ നടത്തിയ രണ്ടാംഘട്ട ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇന്ത്യക്കാർക്ക് ഇത് വലിയ ആശ്വാസകരമായിരിക്കുകയാണ്. അതേസമയം, റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രൈനിൽ നിന്നു പലായനം ചെയ്തവർ 10 ലക്ഷം കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതിൽ പകുതിയിലേറെ പേർ പോളണ്ടിലാണ് അഭയം തേടിയത്. ഏറ്റവും കൂടുതൽ അഭയാർത്ഥികളെത്തിയവരിൽ രണ്ടാം സ്ഥാനത്ത് ഹംഗറിയും മൂന്നാം സ്ഥാനത്ത് മോൾഡോവയുമാണ്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ ജനസംഖ്യയുടെ 2 ശതമാനം പേരാണ് അയൽരാജ്യങ്ങളിൽ അഭയം തേടിയത്. അധികം വൈകാതെ റഷ്യ-യുക്രൈൻ മൂന്നാംഘട്ട ചർച്ച ഉടൻ ആരംഭിക്കും. ബുധനാഴ്ചമാത്രം രണ്ടുലക്ഷം പേർ അതിർത്തിരാജ്യങ്ങളിലേക്ക് കടന്നതായാണ് യു.എൻ. വക്താവ് ഷാബിയ മാന്റോ അറിയിച്ചത്.
അതേസമയം, കീവിന് സമീപമുള്ള ലിസ ഹോറ ജില്ലയിലെ ബ്രോഡ്കാസ്റ്റിങ് സെന്റർ മിസൈൽ ഉപയോഗിച്ച് തകർത്തതായി റഷ്യൻ വിദേശമന്ത്രാലയം വ്യക്തമാക്കി. കൃത്യമായ ആയുധം ഉപയോഗിച്ചാണ് സെന്റർ തകർത്തതെന്നും ആൾനാശമോ മറ്റുകെട്ടിടങ്ങൾക്ക് നാശമോ ഉണ്ടായിട്ടില്ലെന്നും റഷ്യ പറഞ്ഞു. നിലവിൽ റഷ്യൻ സേനയുടെ ലക്ഷ്യം കീവിന്റെ വടക്കൻ മേഖലയാണെന്നാണ് യുക്രൈൻ സൈന്യം പറയുന്നത്.

