പ്രതിസന്ധികള്‍ വകവയ്ക്കാതെയാണ് നമ്മുടെ കുട്ടികള്‍ അന്യരാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന് പോവുന്നത്. സീറ്റുകളുടെ കുറവ് കാരണം ഇവിടെ പ്രവേശനം ലഭിക്കാത്തതും വിദേശങ്ങളിലെ കുറഞ്ഞ ഫീസുമാണ് പ്രധാന കാരണം. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 6.55 ലക്ഷം മുതല്‍ 7.65ലക്ഷം വരെയാണ് ഫീസ്. 86,600 വരെ സ്പെഷ്യല്‍ ഫീസും മറ്റ് നിരവധി ഫീസുകളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പത്തുലക്ഷവും അതിനു മുകളിലുമാണ് ഫീസ്. ഒരു കോടിയോളം മുടക്കിയാലേ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കാനാവൂ. എന്നാല്‍, യുക്രൈനില്‍ രണ്ടര മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ഫീസ്. ആറുവര്‍ഷത്തെ കോഴ്‌സ് 15 ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കാനാവും. കുറഞ്ഞ ട്യൂഷന്‍ ഫീസ്, ലളിതമായ പ്രവേശന പ്രക്രിയ, കുറഞ്ഞ ജീവിതച്ചെലവ്, മികച്ച വിദ്യാഭ്യാസ നിലവാരം തുടങ്ങിയ ഘടകങ്ങളാണ് യുക്രൈനിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത്. ഇവിടെ മാത്രം 18,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്, അതില്‍ അയ്യായിരത്തോളം മലയാളികളുമാണ്.
കുട്ടികളെ വിദേശപഠനത്തിന് പ്രേരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ രാജ്യത്തെ പഠനസൗകര്യങ്ങളിലുള്ള കുറവ്. റഷ്യ, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫീസ്, താമസം, യാത്ര ചെലവുകളെല്ലാം അടക്കം 25ലക്ഷം രൂപയ്ക്കുള്ളില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കാനാവും. ഇതിലും കുറഞ്ഞ ചിലവും യൂറോപ്യന്‍ സംസ്‌കാരവുമാണ് യുക്രൈനിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത്. 33 മെഡിക്കല്‍ സര്‍വകലാശാലകളുണ്ട് ഇവിടെ.
അതേസമയം, രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യമൊരുക്കുന്ന നയം സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഠനത്തിനു കുട്ടികള്‍ വിദേശരാജ്യത്തേക്കു പോകുന്നതിലൂടെ കോടികളുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. സ്വകാര്യ സംരംഭകര്‍ക്ക് ഈ മേഖലയില്‍ വലിയ രീതിയില്‍ ഇടപെടാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നാലായിരം കോടി മുതല്‍മുടക്കില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളാണ് തിമിഴ്‌നാട്ടില്‍ ഈയിടെ ആരംഭിച്ചത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ലുക്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്. 2145 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി തുക തമിഴ്‌നാട് സര്‍ക്കാരുമാണ് നല്‍കിയത്. താങ്ങാനാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ കോളേജുകള്‍ തുടങ്ങുന്നത്. ഇവിടങ്ങളില്‍ 1450 എം.ബി.ബി.എസ് സീറ്റുകള്‍ അധികം ലഭിക്കും.

