കണ്ണൂർ: കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ ഗ്രൂപ്പോ ഗ്രൂപ്പു പ്രവർത്തനങ്ങളോ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുനസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാദ്ധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒരേ കേന്ദ്രങ്ങളാണ്. കോൺഗ്രസിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള കുത്തി തിരിപ്പുകളാണ് ഇതെല്ലാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് പ്രവർത്തനം തെളിയിക്കുകയാണെങ്കിൽ താൻ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജി വയ്ക്കാൻ സന്നദ്ധനാണ്. കെപിസിസി അധ്യക്ഷനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ല. രണ്ടു ദിവസത്തിനകം സംഘടനാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
താൻ നേരത്തെ പറഞ്ഞതു പോലെ കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ജനാധിപത്യ ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും പാർട്ടിയിലുണ്ടെങ്കിൽ അതു ചർച്ച ചെയ്തു പരിഹരിക്കും. ഏതെങ്കിലും ഒരു നേതാവിന്റെ പ്രാധാന്യത്തിലല്ല പാർട്ടി മുൻപോട്ടു പോകുന്നത്. കൂട്ടായ്മയോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്. ഇപ്പോൾ കേൾക്കുന്ന വാർത്തകളിൽ പാർട്ടി പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും യാതൊരു ഗ്രുപ്പ് പ്രവർത്തനത്തിനും താൻ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പാർട്ടി ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയോടെയാണ് മുൻപോട്ടു പോകുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഐ.എം.എഫടക്കമുള്ള വിദേശ നിക്ഷേപം സ്വീകരിക്കാമെന്ന മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ വഞ്ചനയാണെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുമാണ് തീരുമാനം. എ.ഡി.ബി. ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ചതും മുൻ അംബാസിഡർ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതും സി.പി.എം മറക്കരുത്. നിങ്ങൾ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

