യുക്രൈനിലെ സംഭവ വികാസങ്ങൾ ചൈന നിരീക്ഷിക്കുന്നു; അടുത്തതായി ചൈന തായ്‌വാനെ ആക്രമിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യ യുക്രൈൻ ആക്രമിച്ചതിന് പിന്നാലെ അടുത്തതായി ചൈന തായ്‌വാനെ ആക്രമിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ സംഭവ വികാസങ്ങൾ ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തായ്‌വാനെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ബുദ്ധിയുള്ള ആളാണ്. അഫ്ഗാൻ വിഷയത്തിൽ അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുന്നുണ്ട്. സ്വന്തം പൗരന്മാരെ അവിടെ ഉപേക്ഷിച്ച ശേഷം അഫ്ഗാനിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് ചൈന കണ്ടതാണ്. പ്രശ്‌നത്തിൽ നിന്ന് പുറത്തുകടക്കാനാണ് ഇപ്പോഴും അമേരിക്ക ശ്രമിക്കുന്നത്. ചൈന ഇത് കാണുന്നുണ്ട്. ഇതാണ് ഷി ജിൻ പിങ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് പദവിയിൽ താൻ ഇപ്പോഴും തുടർന്നിരുന്നെങ്കിൽ റഷ്യ- യുക്രൈൻ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനായിരുന്നു പ്രസിഡന്റെങ്കിൽ പുടിൻ ഒരിക്കലും ഇത് ചെയ്യില്ലായിരുന്നുവെന്നും തന്റെ ഭരണകാലത്ത് യുക്രൈന് ടാങ്ക് വേധ മിസൈലുകൾ നൽകി. എന്നാൽ ബൈഡൻ അധികാരത്തിൽ എത്തിയപ്പോൾ ഇത് കുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു. യുക്രൈനിൽ നിരവധി സാധാരാണക്കാരാണ് മരിക്കുന്നത്. എല്ലാം മനസ്സിലാക്കിയിട്ടും ഇത് സംഭവിക്കാൻ നമ്മൾ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.