റഷ്യ -യുക്രൈന്‍ സംഘര്‍ഷം ശക്തിയാര്‍ജ്ജിക്കുമ്പോഴും യുദ്ധം മൂലം തന്റെ ജീവനുണ്ടാകുന്ന ഭീഷണിയേക്കാള്‍ വലുതാണ് തന്റെ വളര്‍ത്തു മൃഗങ്ങളോടുള്ള സ്‌നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് യുക്രൈനിലെ മൃഗസ്‌നേഹിയായ ആന്‍ഡ്രേ സിസ്റ്റേനിനോ. യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നും രക്ഷതേടി പോളണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും അഭയാര്‍ഥികള്‍ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍, തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന നാനൂറിലധികം മൃഗങ്ങളെ വിട്ട് സ്വയം രക്ഷ തേടി പോകാന്‍ സിസ്റ്റേനിനോ തയ്യാറല്ല. കീവില്‍ തന്നെ താന്‍ തുടരുമെന്ന് സിസ്റ്റേനിനോ പറയുന്നു.
ഇറ്റലിയില്‍ ജനിച്ച സിസ്‌റ്റേനിനോ 20 വര്‍ഷത്തോളം ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറായിരുന്നു. ഒരു യുക്രൈന്‍ വനിതയെ വിവാഹം കഴിച്ച ഇദ്ദേഹം 2010ല്‍ യുക്രൈനിലെത്തുകയായിരുന്നു. തലസ്ഥാന നഗരമായ കീവില്‍ താമസമുറപ്പിച്ച സിസ്റ്റേനിനോ അവിടെ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ പരിപാലനത്തിനായി ഒരു കേന്ദ്രം തുടങ്ങി. ഇത്തരം മൃഗങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ ആല്‍ബം അദ്ദേഹം പുറത്തിറക്കുകയും ഇത് യൂറോപ്പിലെ മൃഗസ്‌നേഹികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുകയും, സിസ്റ്റേനിനോക്ക് സഹായങ്ങളും പ്രോത്സാഹനവുമായി പലരും എത്തുകയും ചെയ്തു. നിലവില്‍ നായകള്‍, ആടുകള്‍, പശുക്കള്‍, കുതിരകള്‍ തുടങ്ങി നാനൂറിലധികം മൃഗങ്ങള്‍ക്ക് ആശ്രയമാണ് ഇദ്ദേഹം ഇപ്പോള്‍.
എന്നാല്‍, യുദ്ധത്തിനു മുന്‍പും ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ-‘ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ് കീവില്‍ നടക്കുന്ന സമയത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടിക്കൊല്ലുന്നവര്‍ക്ക് കീവ് നഗരസഭാ ഭരണകൂടം ഇനാം പ്രഖ്യാപിച്ചിരുന്നു. നായ്ക്കളെ കിട്ടാനായി എന്റെ മൃഗകേന്ദ്രം ആരോ ആക്രമിക്കുകയും അതിനു തീവയ്ക്കുകയും ചെയ്തു. പിന്നീട് ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു.’ സിസ്റ്റേനിനോയുടെ കഥ കേട്ട് ഒട്ടേറെ പേര്‍ ട്വിറ്ററിലും മറ്റും പിന്തുണ അറിയിച്ചിട്ടുണ്ട്.

