ലഖ്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നൂറ് സീറ്റിലേറെ നേടി അധികാരം നിലനിർത്തുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളുന്ന വിധത്തിലുള്ള ഫലസൂചനകളാണ് പാർട്ടിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട് നൽകുന്നത്. ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യപ്രതിപക്ഷമായ എസ്പിക്കൊപ്പം രാഷ്ട്രീയ ലോക്ദൾ ചേർന്നതാണ് ബിജെപിക്ക് നേരിടേണ്ടി വന്ന പ്രധാന തിരിച്ചടിയെന്നാണ് വിവരം.
പട്ടിക ജാതികളുടെയും പിന്നാക്ക സമുദായങ്ങളുടെയും മേൽ ബിജെപിക്ക് നിർണായക സ്വാധീനമാണുള്ളത്. എന്നാൽ, ന്യൂനപക്ഷ ധ്രുവീകരണവും യാദവരും ഉന്നതജാതിക്കാരായ കർഷകരും എസ്പി. നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിന് പിന്തുണച്ചതുമാണ് ബിജെപിയുടെ നില പരുങ്ങലിലാകാൻ കാരണം. ജാട്ട്, യാദവ് വോട്ടുകൾ ഏറെയുള്ള 150-ൽ അധികം സീറ്റുകളിൽ എസ്പി.-ആർ.എൽ.ഡി. സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള റാലികളിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് അദികാരം നിലനിർത്തണമെങ്കിൽ വോട്ടെണ്ണലിനു ശേഷമുള്ള സഖ്യത്തിന് ബിജെപിക്ക് ശ്രമിക്കേണ്ടി വന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

