പോളണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്രയമാകുമ്പോൾ, പോളിഷ് കുഞ്ഞുങ്ങൾക്ക് രക്ഷകനായ ഇന്ത്യൻ മഹാരാജാവിനെ ഓർക്കാം

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ അയല്‍രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ എന്നീ രാജ്യങ്ങളിലാണ് പലരും അഭയം കണ്ടെത്തുന്നത്. വിദ്യാര്‍ഥികളടക്കം രണ്ടായിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ പോളണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ‘അതിര്‍ത്തികളില്‍ തിരക്ക് കൂടുതലാണ്, പക്ഷേ ഞങ്ങള്‍ എല്ലാവരേയും ഊഷ്മളമായ ഹൃദയത്തോടെ സ്വീകരിക്കുന്നു’ എന്നാണ് പോളിഷ് അംബാസഡര്‍ ആദം ബുരക്കോസ്‌കി അറിയിച്ചത്. വിസയില്ലാതെയാണ് കൊണ്ടുപോകുന്നതെന്ന് മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേക വിമാനങ്ങള്‍ ഉണ്ടാകുമെന്നും ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ രാജ്യം സഹായിക്കുമെന്നും പോളണ്ട് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇത്തരം ദയയുടെയും സഹാനുഭൂതിയുടെയും കഥകള്‍ക്ക് ഇന്ത്യ തന്നെ ഒരുപാട് സാക്ഷിയായിട്ടുണ്ട്. ഇന്നത്തെ ഗുജറാത്തിലെ കത്തിയവാര്‍ മേഖലയിലെ നവനഗര്‍ നാട്ടുരാജ്യത്തിന്റെ മുന്‍ ഭരണാധികാരി ജംസാഹേബ് ദിഗ് വിജയ് സിന്‍ഹ്ജി രഞ്ജിത് സിന്‍ഹ്ജി ജഡേജയെ ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ. വിശാലഹൃദയനായ രാജാവ് രണ്ടാം ലോകമഹായുദ്ധത്തില്‍ കുടിയിറക്കപ്പെട്ട നൂറുകണക്കിന് പോളിഷ് കുട്ടികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയിരുന്നു.

ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം

ജര്‍മ്മനിയില്‍ നിന്നും അധിനിവേശ യൂറോപ്പില്‍ നിന്നും അനാഥരും നഷ്ടപ്പെട്ടവരുമായ കുട്ടികളെ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ക്രൂരതകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു ദൗത്യമായിരുന്നു കിന്‍ഡര്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ്. 10,000 കുട്ടികളെ രക്ഷപ്പെടാന്‍ ഇത് സഹായിച്ചിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ടില്‍ നിന്നും സോവിയറ്റ് യൂണിയനിലെ ജയില്‍ ക്യാമ്പുകളില്‍ നിന്നും രണ്ടിനും 17 നും ഇടയില്‍ പ്രായമുള്ള 500 പോളിഷ് കുട്ടികളെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് പോകുന്ന ഒരു കപ്പലില്‍ കയറ്റി. നീണ്ടതും കഠിനവുമായ യാത്രയായിരുന്നു അത്. നവനഗറില്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പല തുറമുഖങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. അപ്പോഴേക്കും അവര്‍ ക്ഷീണിതരായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിനായി പോരാടുന്ന സമയമായതിനാല്‍ ഇന്ത്യയില്‍ അവര്‍ക്ക് രക്ഷ നല്‍കാന്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍,ദിഗ് വിജയ് സിന്‍ഹ്ജി മഹാരാജാവ് അതൊന്നും വകവെക്കാതെ തീരത്തെത്തിയ കുട്ടികളെ സ്വീകരിക്കുകയും സ്വന്തം കുട്ടികളെപ്പോലെ നോക്കുകയും ചെയ്തു. ‘നിങ്ങളെ അനാഥരായി കണക്കാക്കരുത്. നിങ്ങള്‍ ഇപ്പോള്‍ നവനാഗരികളാണ്, നിങ്ങളുള്‍പ്പെടെ എല്ലാ നവനാഗരികളുടെയും പിതാവ് ഞാനാണ്…’ അദ്ദേഹം അവരോട് പറഞ്ഞു.

ലിറ്റില്‍ പോളണ്ട്

ജാംനഗറില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ബാലചാഡി എന്ന സ്ഥലത്ത് അഭയാര്‍ത്ഥി കുട്ടികള്‍ക്കായി ദിഗ് വിജയ് സിന്‍ഹ്ജി ഒരു ക്യാമ്പ് നിര്‍മ്മിച്ച് അവര്‍ക്ക് വൈദ്യസഹായം, താമസം, സ്‌കൂളുകള്‍ എന്നിവ നല്‍കി. അവര്‍ക്കായി ചേലയില്‍ മറ്റൊരു ക്യാമ്പ് തുറന്നു. മഹാരാജ പട്യാലയിലെയും ബറോഡയിലെയും ഭരണാധികാരികളുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ ടാറ്റ ഗ്രൂപ്പിനെ സമീപിച്ചു. പോളിഷ് കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലക്ഷക്കണക്കിന് രൂപ സമാഹരിച്ചു. എന്നാല്‍, യുദ്ധം അവസാനിച്ച ശേഷം അഭയാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. കുറച്ചുപേര്‍ പോളണ്ടിലേക്കും മറ്റ് പലരും യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും പോയി.ദിഗ് വിജയ് സിന്‍ഹ്ജി റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട് പോയി അവരെ യാത്രയാക്കുകയും ചെയ്തു.

കാലങ്ങള്‍ക്കിപ്പുറം വാഴ്സോയിലെ ഒരു സ്‌കൂളിന് മഹാരാജാവിന്റെ പേര് നല്‍കുകയും ഇന്ത്യന്‍ സ്മാരകങ്ങളുടെ ചിത്രങ്ങളും, ക്ലാസിക്കല്‍ നൃത്തങ്ങളും സംസ്‌കാരവും സംബന്ധിച്ച ഗ്രാഫിറ്റികളും കൊണ്ട് ചുവരുകള്‍ അലങ്കരിച്ചിരിക്കുകയുമാണ്‌. യുദ്ധത്തില്‍ തകര്‍ന്ന അനാഥരായ കുട്ടികളുടെ രക്ഷകനായിത്തീര്‍ന്ന നിസ്വാര്‍ത്ഥ രാജാവിന്റെ ഈ കഥ ലിറ്റില്‍ പോളണ്ട് ഇന്‍ ഇന്ത്യ എന്ന പേരിലുള്ള ഡോക്യുമെന്ററിയിലും വിശദീകരിക്കുന്നുണ്ട്.