കൊച്ചി: ട്രേഡ് യൂണിയൻ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നും അറിഞ്ഞുകൊണ്ടുതന്നെ കാലങ്ങളായി അതേകാര്യം തന്നെ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. നവകേരള കാഴ്ചപ്പാടും പാർട്ടിയും’ എന്ന രേഖ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവേയാണ് ട്രേഡ് യൂണിയൻ രംഗത്തെ തെറ്റായ പ്രവണതൾക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.
ട്രേഡ് യൂണിയനുകൾ ദശാബ്ദങ്ങളായി പ്രവർത്തനം നടത്തിവരികയാണ്. ചില കാര്യങ്ങൾ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആവർത്തിക്കുന്നു. ഇത് ഇങ്ങനെ മുന്നോട്ടുപോയാൽ മറ്റു പല മേഖലകളേയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒന്നാം പിണറായി സർക്കാർ നോക്കുകൂലി നിരോധിച്ചുകൊണ്ട് നിർണായകമായ തീരുമാനമെടുത്തിരുന്നെങ്കിലും ചില ദുഷ്പ്രവണതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
അടുത്ത കാലത്ത് ട്രേഡ് യൂണിയൻ രംഗവുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവങ്ങൾ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിരുന്നു.

