കോട്ടയം ചുട്ടുപൊള്ളുന്നു! താപനിലയില്‍ ഇന്ത്യയില്‍ ഒന്നാമത്‌

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി ചൂട് വര്‍ധിച്ചു വരികയാണ്. നിലവില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത് കോട്ടയം ജില്ലയിലാണ്. 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ സമയങ്ങളില്‍ കോട്ടയത്തെ താപനില. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ നഗരം കോട്ടയമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍, അടുത്ത കാലത്തൊന്നും കോട്ടയത്ത് ഇത്രയും ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തിയിട്ടില്ലെന്നും കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു.

അതേസമയം, മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്നത് പാലക്കാട് ജില്ലയിലായിരുന്നു. കഴിഞ്ഞ ദിവസം പകല്‍ 37.3 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് നഗരത്തില്‍ രേഖപ്പെടുത്തിയ താപനില. മാര്‍ച്ച് ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതിനാല്‍ ഏപ്രില്‍ മാസത്തില്‍ ഇതിലും ഉയര്‍ന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയേക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ചൂട് വര്‍ധിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ചൂട് വര്‍ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്.

ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് താപനിലയുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാമതുള്ള നഗരം. സ്ഥാനത്ത്. അഹമ്മദ് നഗര്‍ (37.2), ഭദ്രാചലം (36.8), കര്‍ണൂല്‍ (36.6) എന്നീ സ്ഥലങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആറ് വര്‍ഷം മുന്‍പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു.