ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിന്റെ വിശദ വിവരം പുറത്ത് വിടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. യുക്രൈനിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങൾ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണമെന്ന ആവശ്യമാണ് രാഹുൽഗാന്ധി മുന്നോട്ടുവെയ്ക്കുന്നത്. മേഖലകൾ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ദുരന്തം ഒഴിവാക്കാൻ സർക്കാർ വിവരങ്ങൾ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾ കൂടി ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ടെന്നും ഇന്ത്യൻ വ്യോമസേനയുടെ സി 17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്ള വിശദമാക്കി. ഓപ്പറേഷൻ ഗംഗ പ്രതീക്ഷിച്ച രീതിയിൽ പുരോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

