രാജ്യസുരക്ഷക്ക് ഭീഷണിയെന്നതില്‍ തെളിവുകള്‍; മീഡിയ വണ്‍ ചാനലിന്റെ വിലക്ക് തുടരും

മീഡിയ വണ്‍ ചാനലിന്റെ വിലക്ക് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ അപ്പീല്‍ തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ചാനല്‍ വിലക്കിയതിന്റെ കാരണങ്ങള്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും വ്യക്തമാക്കി മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായി ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും കേള്‍ക്കാതെ സംപ്രേഷണം തടഞ്ഞതെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെ് മീഡിയവണ്‍ ചാനലിന് വേണ്ടി വാദിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണ്. വിലക്ക് ശരിവച്ച സിംഗിള്‍ ബെഞ്ചിനും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്നും ദേശ സുരക്ഷയാണ് പ്രശ്നമെങ്കില്‍ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം അനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ചോദ്യമുന്നയിച്ചിരുന്നു.

എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേഷണ വിലക്കെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയില്‍ വ്യക്തമാക്കി. കൂടുതല്‍ വിശദീകരണം ഓപ്പണ്‍ കോര്‍ട്ടില്‍ പറയാന്‍ സാധിക്കില്ലെന്നും, വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാമെന്നും അമന്‍ ലേഖി കോടതിയെ അറിയിച്ചു. ഈ രേഖകളാണ് വീണ്ടും വിലക്ക് തുടരുമെന്ന വിധിക്ക് നിര്‍ണ്ണായകമായത്. ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ചാനല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും