വിവാദ വെളിപ്പെടുത്തല്‍; സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്ത് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം.ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലില്‍ സ്വപ്‌നയുടെയും സരിത്തിന്റേയും മൊഴി എടുത്ത് എന്‍ഐഎ. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.

എം. ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്. കസ്റ്റഡിയിലിരിക്കെ ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് അവര്‍ പറഞ്ഞ പോലെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് നല്‍കിയെന്നും സ്വപ്‌ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലൈഫ്മിഷന്‍ കമ്മീഷന്‍, സംയുക്ത ലോക്കര്‍,വിആര്‍എസ് എടുത്ത് ദുബായില്‍ സ്ഥിര താമസമാക്കാന്‍ തയ്യാറാക്കിയ പദ്ധതി, സ്‌പേസ് പാര്‍ക്ക് ജോലിക്കായുള്ള വഴിവിട്ട സഹായം എന്നിവയെല്ലാം അവര്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നുമായിരുന്നു അന്ന് സ്വപ്‌നയുടെ പ്രതികരണം.

സ്വപ്നയുമായി ശിവശങ്കറിന് സൗഹൃദം മാത്രമെന്ന വാദം പൊളിഞ്ഞതോടെ ദേശീയ അന്വേഷണ ഏജന്‍സി സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി വീണ്ടും എടുക്കുകയായിരുന്നു. ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുമെന്നാണ് ഇഡി വിശദീകരിക്കുന്നത്. പുതിയ വിവരങ്ങള്‍ കോടതിയില്‍ ഔദ്യോഗികമായി ഉടന്‍ അറിയിക്കാനാണ് ഇഡിയുടെ നീക്കം.