യുക്രൈൻ രക്ഷാദൗത്യം വേഗത്തിലാക്കി കേന്ദ്രസർക്കാർ; 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കും

ന്യൂഡൽഹി: യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള രക്ഷൗദൗത്യം ഓപ്പറേഷൻ ഗംഗ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യോമസേന വിമാനം രാവിലെ റൊമാനിയയിലേക്ക് പുറപ്പെട്ടു.

രക്ഷാ ദൗത്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റുമായും പോളണ്ട് പ്രസിഡന്റുമായും സംസാരിച്ചു. കാർഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വിശദമാക്കി.