ന്യൂഡൽഹി: ഫെബ്രുവരി മാസത്തിലും ഒരു ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി വരുമാനം. 133026 കോടി രൂപയാണ് 2022 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം. ഇതിൽ 24435 കോടി രൂപ സെൻട്രൽ ജിഎസ്ടിയും 30779 കോടി എസ്ജിഎസ്ടിയുമാണ്. 67471 കോടി രൂപയാണ് ഐജിഎസ്ടി. 33837 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ ലഭിച്ചതാണ്. 10340 കോടി രൂപയാണ് സെസ് വരുമാനം. ഇതിൽ 638 കോടി രൂപ ചരക്ക് ഇറക്കുമതിയിൽ നിന്നും ലഭിച്ചു.
മുൻവർഷം ഫെബ്രുവരി മാസത്തിലെ വരുമാനത്തെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയാണ് ഇപ്പോൾ ജിഎസ്ടി വരുമാനത്തിൽ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 26 ശതമാനം വളർച്ച വരുമാനത്തിലുണ്ടായി.38 ശതമാനമാണ് ചരക്ക് ഇറക്കുമതി വഴിയുള്ള വരുമാന വളർച്ച.
രാജ്യ വ്യാപകമായി കോവിഡിന്റെ നിയന്ത്രണങ്ങൾ പലതരത്തിൽ നിലനിന്ന ഘട്ടത്തിൽ കൂടിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി ഏർപ്പെടുത്തിയ ശേഷം ജിഎസ്ടി സെസ് വരുമാനം പതിനായിരം കോടി രൂപ കടക്കുന്നത് ഇതാദ്യമാണ്.

