ബുഡാപെസ്റ്റ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ വ്‌ലാദിമിര്‍ പുടിനെതിരെ വിവിധ രാജ്യങ്ങളും സംഘടനകളും രംഗത്ത് വന്നിരുന്നു. പുടിന് നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു കൊണ്ട് വേള്‍ഡ് തായ്ക്വണ്ടോയും റഷ്യക്കെതിരെ കടുത്ത നടപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.
വേള്‍ഡ് തായ്ക്വണ്ടോ പുറത്തിറക്കിയ പ്രസ്താവന
‘യുക്രൈനിലെ നിരപരാധികളായ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ വേള്‍ഡ് തായ്ക്വണ്ടോ ശക്തമായി അപലപിക്കുന്നു. കീഴടക്കലിനേക്കാളും വലുതാണ് സമാധാനം എന്ന വേള്‍ഡ് തായ്ക്വണ്ടോയുടെ വിഷനെതിരാണ് ഈ നീക്കം. ഈ സാഹചര്യത്തില്‍ വ്‌ലാദിമിര്‍ പുടിന് 2013 നവംബറില്‍ നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുക്കാന്‍ വേള്‍ഡ് തായ്‌ക്വൊണ്ടോ തീരുമാനിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇനിമുതല്‍ വേള്‍ഡ് തായ്ക്വണ്ടോ മത്സരങ്ങളില്‍ റഷ്യയുടെയോ ബലാറസിന്റെയോ ദേശീയ പതാകകളോ ഗാനങ്ങളോ പ്രദര്‍ശിപ്പിക്കില്ല.
റഷ്യയിലും ബലാറസിലുമായി നടക്കുന്ന തായ്ക്വണ്ടോ മത്സരങ്ങള്‍ക്ക് വേള്‍ഡ് തായ്ക്വണ്ടോയോ യൂറോപ്യന്‍ തായ്ക്വണ്ടോ യൂണിയനോ അംഗീകാരം നല്‍കില്ലെന്നും അറിയിക്കുന്നു. യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് വേള്‍ഡ് തായ്ക്വണ്ടോയുടെ ചിന്തകള്‍. ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’

