തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഏതു സ്റ്റേഷനുകളിൽ നിന്ന് ഏതു സ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യ യാത്രയാണ് മാർച്ച് എട്ടിന് ഏർപ്പെടുത്തിയിരിക്കുന്നത്.
വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ ആകർഷകമായ മത്സരരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.
അതേസമയം, മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മാർച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് അധിക പ്രത്യേക സർവീസുകൾ. മാർച്ച് ഒന്നിന് പേട്ടയിൽ നിന്ന് രാത്രി 11 മണി വരെ സർവീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 ന് പേട്ടയിലേക്കുള്ള സർവീസ് ആലുവ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയിൽ നിന്ന് പേട്ടയ്ക്ക് ട്രയിൻ സർവീസ് ഉണ്ടാകും.
ആലുവ മെട്രേസ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ എത്തുന്നവർക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സർവീസ് ഏർപ്പെടുത്തുന്നത്.

