വിദ്യാര്‍ത്ഥികളെ കൈയിലെടുത്ത് കൊച്ചി മെട്രോ; സ്റ്റുഡന്റ് പാസുമായി ഇനി യഥേഷ്ടം സഞ്ചരിക്കാം

വിദ്യാര്‍ത്ഥികളെ സന്തോഷിപ്പിച്ച്‌ കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസ്‌. സൗജന്യ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതു വരെയുള്ള പാസുകള്‍ മെട്രോയില്‍ ലഭ്യമാണ്.

മൂന്നു പാക്കേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മെട്രോ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസില്‍ ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. 30 ദിവസത്തിനുള്ളില്‍ നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം. 80 രൂപയുടെ പ്രതിദിന പാസ് എടുത്താല്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും എത്രയാത്രകള്‍ വേണമെങ്കിലും നടത്താം. 1200 രൂപയുടെ പ്രതിമാസ പാസ് എടുത്താല്‍ ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏതുസ്റ്റേഷനിലേക്കും 120 യാത്ര ഒരു മാസം നടത്താം.

എല്ലാ മെട്രൊ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണെന്നാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.