കേരളത്തില്‍ ഇനി വരാനിരിക്കുന്നത് അതിരൂക്ഷമായ ജലക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍. കടലും കായലുകളുമെല്ലാം ചൂടു പിടിച്ചു കിടക്കുമ്പോള്‍ കരയും വെന്തുരുകുകയാണ്. തണുത്ത പ്രദേശമായിരുന്ന കുട്ടനാട്ടില്‍ കാറ്റിനു പോലും ഇപ്പോള്‍ ചൂടാണ്. ചൂട് കനത്തതോടെ ആലപ്പുഴയിലെ ആറ് താലൂക്കുകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. കിഴക്കന്‍ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കുടിവെള്ള വിതരണം നല്‍കുമെന്ന അധികൃതരുടെ ഉറപ്പ് ഉണ്ടെങ്കിലും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
70 കോടിയുടെ പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തുമെന്ന പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെ ആയിരിക്കുകയാണ്. 1987ല്‍ കുട്ടനാട്ടില്‍ സ്ഥാപിച്ച പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ നിലവില്‍ തകര്‍ന്ന അവസ്ഥയിലാണുള്ളത്. തലവടിയില്‍ ശുദ്ധജല പദ്ധതി പാതി വഴിയില്‍ നിലച്ച അവസ്ഥയിലാണ്. ആലപ്പുഴയുടെ ഒരുവിധം എല്ലാ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

