കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ; പുനസംഘടന നിർത്തിവെയ്ക്കാൻ നിർദ്ദേശിച്ച് താരിഖ് അൻവർ

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ. കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട നടപടികളിൽ അപാകതയുണ്ടെന്ന് കാണിച്ച് എംപിമാർ പരാതി നൽകി. തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി താരിഖ് അൻവർ പുനസംഘടന നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകി. എംപിമാരുടെ പരാതികൾ കിട്ടിയിട്ടുണ്ടെന്നും അടിയന്തരമായി പുനസംഘടന നിറുത്തി വയ്ക്കണമെന്നും താരിഖ് അൻവർ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

അതേസമയം വിഷയത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുനസംഘടനയിൽ ആർക്കാണ് അതൃപ്തിയുള്ളതെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് സുധാകരൻ ഹൈക്കമാൻഡിന് പരാതി നൽകിതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എല്ലാവിഭാഗം ആളുകളുമായും ചർച്ച നടത്തിക്കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് സുധാകരൻ ആവശ്യപ്പെടുന്നത്.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ പുതിയ ചേരികൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന സംശയം ശക്തമാകുന്നുണ്ട്.