മക്ക, മദീന പള്ളികളില്‍ പ്രായപരിധികളില്ലാതെ പ്രവേശിക്കാമെന്ന് സൗദി മന്ത്രാലയം

ജിദ്ദ: പ്രായത്തിന്റെ നിബന്ധനകള്‍ ഇല്ലാതെ ഇനി എല്ലാ പ്രായക്കാര്‍ക്കും മക്ക, മദീന പ്രവേശിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഉംറ തീര്‍ത്ഥാടനത്തിനു സന്ദര്‍ശനത്തിനും ഇഉത്തമര്‍നാ ആപ്പിലൂടെ പെര്‍മിഷന്‍ എടുക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാകണം എന്ന നിബന്ധന ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനം മൂലം വിശുദ്ധമക്കയിലെ ഗ്രാന്‍ഡ്മോസ്‌ക്കിലും മദീനയിലെ പ്രവാചക പള്ളിയിലും തീര്‍ഥാടകര്‍ പ്രവേശിക്കുന്നതിന് നേരത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളില്‍ വിദേശ രാജ്യങ്ങളില്‍നിന്നു ഉംറക്ക് വരുന്ന സന്ദര്‍ശകരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം തുടക്കത്തില്‍ത്തന്നെ നിഷ്‌ക്കര്‍ഷിച്ചിരുന്നു. ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കും അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും കുട്ടികളെ കൂടെ കൊണ്ടു വരരുതെന്നും, 12 വയസിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമേ ഉംറക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നും, ഇവര്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം എന്നും ആഭ്യന്തര മന്ത്രാലയം നിബന്ധന വെച്ചിരുന്നു.

അതിനുശേഷം, തീര്‍ത്ഥാടകരുടെ 50 വയസ്സ് എന്ന പ്രായ പരിധി നീക്കി 50നു മുകളിലുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രവേശനാനുമതിക്കുള്ള കുട്ടികളുടെ വയസ് 12ല്‍ നിന്ന് 7 വയസായി ചുരുക്കിയിരുന്നു.