കീവ്: രാജ്യ തലസ്ഥാനത്തേക്ക് അടുക്കും തോറും യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന് കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. റഷ്യക്കെതിരായ പല പാശ്ചാത്യ രാജ്യങ്ങളും ഇത് വളരെ നല്ല അവസരമായാണ് കാണുന്നതും. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ വിജയിച്ചാലും രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതായിരിക്കും. അതേസമയം, റഷ്യയോട് ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുന്ന യുക്രൈന്‍ സൈന്യത്തിന് വേണ്ടി ആയുധവിതരണം ശക്തമാക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍.
ലോകരാജ്യങ്ങള്‍ യുക്രൈനിന് കൈമാറിയ ആയുധങ്ങള്‍ അറിയാം
അമേരിക്ക
350 മില്യണ്‍ ഡോളര്‍ യുക്രെയ്‌നിന്റെ പ്രതിരോധത്തിനായി നിയോഗിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ബൈഡന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റഷ്യയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന ജാവലിന്‍ ടാങ്ക് വിരുദ്ധ റോക്കറ്റുകളും സ്റ്റിംഗര്‍ മിസൈലുകളുമാണ് യുക്രെയിന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നത്.
ജര്‍മ്മനി
1,000 ടാങ്ക് വിരുദ്ധ ആയുധങ്ങളും 500 സ്റ്റിംഗര്‍ ഉപരിതല മിസൈലുകളും കൈമാറും. ഇതിന് പുറമേ പതിനാല് കവചിത വാഹനങ്ങള്‍ അയക്കാനും ജര്‍മനി തീരുമാനിച്ചിട്ടുണ്ട്.
ഫ്രാന്‍സ്
റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയിനെ പിന്തുണയ്ക്കുന്നതിനായി പ്രതിരോധ സൈനിക ഉപകരണങ്ങള്‍ അയയ്ക്കാന്‍ ഫ്രാന്‍സും തീരുമാനിച്ചിട്ടുമുണ്ട്.
യൂറോപ്യന്‍ യൂണിയന്‍
ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ ബ്രിട്ടന്‍ ഇതിനകം യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് ടാങ്ക് വിരുദ്ധ റോക്കറ്റുകളാണ് യുക്രെയിനിന് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാസം തന്നെ ഏകദേശം 2000 ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയിട്ടുണ്ട്.
ഫിന്‍ലാന്‍ഡ്
2,500 ആക്രമണ റൈഫിളുകള്‍, 150,000 ബുള്ളറ്റുകള്‍, 1,500 ടാങ്ക് വിരുദ്ധ ആയുധങ്ങള്‍, 70,000 ഭക്ഷണ പൊതികള്‍ എന്നിവ ഫിന്‍ലാന്‍ഡ് അയച്ചതായി പ്രതിരോധ മന്ത്രി ആന്റി കൈക്കോണന്‍ അറിയിച്ചു.
ബെല്‍ജിയം
2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും യുക്രൈനിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നോര്‍വേ
2,000 എം72 ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ യുക്രൈനിന് നല്‍കും.
നെതര്‍ലാന്‍ഡ്‌സ്
എയര്‍ ഡിഫന്‍സ് റോക്കറ്റുകളും ആന്റി ടാങ്ക് സംവിധാനങ്ങളും നല്‍കുമെന്ന് ഡച്ച് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിന് അയച്ച കത്തില്‍ അറിയിച്ചിരുന്നു.

