കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ഡ്രൈവില്‍ തുടങ്ങി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനാണ് പതാക ഉയര്‍ത്തി സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലതിരിച്ചുള്ള ഗ്രൂപ്പു ചര്‍ച്ചകള്‍ക്കായി പിരിയും. രണ്ടാം തീയതി പ്രവര്‍ത്തനറിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും മൂന്നാംതീയതി നവകേരള നയരേഖയെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. രണ്ടു ചര്‍ച്ചകള്‍ക്കുമുള്ള മറുപടി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നല്‍കും. തുടര്‍ന്ന് നാലാം തീയതി രാവിലെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുകയും പുതിയ കമ്മിറ്റി ചേര്‍ന്ന് സെക്രട്ടറിയെ പ്രഖ്യാപിക്കുകയും ചെയ്യും.
കൊവിഡ് പശ്ചാത്തലത്തില്‍ കൊടി-കൊടിമര-പതാക ജാഥകളുടെ സമ്മേളന നഗരിയിലേക്കുള്ള വരവും പതാക ഉയര്‍ത്തലും ഒഴിവാക്കിയിട്ടുണ്ട്. വളണ്ടിയര്‍ പരേഡും പ്രകടനവും ഇല്ല. മറൈന്‍ഡ്രൈവില്‍ വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഎം രൂപംകൊണ്ട ശേഷം വിഎസ് ഇല്ലാതെ ആദ്യ സിപിഎം സംസ്ഥാന സമ്മേളനം കൂടിയാണിത്. 1992 ന് ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം വിഎസ് ഉയര്‍ത്തിയ വിഷയങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം. 80 മുതല്‍ 92 വരെ അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ശേഷം 92 ല്‍ കോഴിക്കോട് സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചു തോറ്റതോടെയാണ് സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ വിഎസ് കേന്ദ്രീകൃതമായത്.
അതേസമയം, കെ റെയില്‍ അടക്കമുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുക. കെ-റെയില്‍ പദ്ധതിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ ആണ് നടക്കുന്നതെന്നും, തടസങ്ങള്‍ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സി പി എം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക രംഗം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.

