രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു; കൂട്ടിയത് 106. 50 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നെങ്കിലും യുപി അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് വര്‍ധിപ്പിക്കുകയായിരുന്നു.