ന്യൂഡൽഹി: റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയിൽ റഷ്യയ്‌ക്കെതിരെ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്ന നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്. റഷ്യ – യുക്രൈൻ സംഘർഷത്തിന് അയവ് വരുത്താൻ സമവായത്തിന്റെ പാത സ്വീകരിക്കണമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടിയുടെ അന്താരാഷ്ട്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനുമായ ആനന്ദ് ശർമ്മയുടെ പേരിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച വാദങ്ങളോട് ചേർന്നു നിൽക്കുന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നാണ് ഈ കുറിപ്പിൽ നിന്നും വ്യക്തമാക്കുന്നത്. യുക്രെയിനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ലോകത്തിന്റെ മുഴുവൻ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും ശശി തരൂരും കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ തയ്യാറായതിനിടെയാണ് കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഭാവിയിൽ ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്തായിരുന്നു നിലയുറപ്പിച്ചിരുന്നതെന്ന് പറയാൻ ഇടവരുത്തരുതെന്നായിരുന്നു ശശി തരൂർ വ്യക്തമാക്കിയിരുന്നത്. ഐക്യരാഷ്ട്ര സഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

