ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈിൽ നിന്നുള്ളവരെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ ഏകോപിപ്പിക്കാൻ ചുമതപ്പെടുത്തിയ നാല് കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ നിന്നും ആറ് വിമാനങ്ങളിലായി 132 മലയാളികളടക്കം 1,396 പേരാണ് ഇതിനോടകം ഇന്ത്യയിൽ മടങ്ങിയെത്തിയത്. 24 മണിക്കൂറിനിടെ മൂന്ന് ഉന്നത തലയോഗങ്ങളാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തത്. യുക്രൈനിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ നാളെ അയക്കുമെന്നും യുക്രൈനിൽ കുടുങ്ങിയ അയൽരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ളവരെ ഇന്ത്യ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു..
അതേസമയം, ആളുകൾ നേരിട്ട് അതിർത്തിയിൽ എത്തരുതെന്ന് കേന്ദ്രവിദേശ കാര്യമന്ത്രാലയം അറിയിച്ചു. മോൾഡോവ വഴി അതിർത്തി നടക്കുന്നവരെ റൊമാനിയയിൽ എത്തിച്ചായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടു വരികയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അതിർത്തിയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതിന് അനുസരിച്ച് കൂടുതൽ വിമാനങ്ങൾ സജ്ജമാക്കുമെന്ന് വിദേശ കാര്യമന്ത്രാലയം വിശദമാക്കി. റൊമേനിയയിൽ നിന്ന് 12 മലയാളികളടക്കം 249 പേരുമായും, ഹംഗറിയിൽ നിന്നും 36 മലയാളികളുൾപ്പെടെ 240 വിദ്യാർത്ഥികളുമായുള്ള 2 വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാജ്യത്തെത്തിയത്.

