കൊച്ചി: സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങുന്നതിനിടെ ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
‘ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകള്‍ നടപ്പാക്കാന്‍ , ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി?’- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
റോഡരികിലെ അനധികൃത ബോര്‍ഡ് നീക്കാന്‍ ആയില്ലെങ്കില്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എങ്ങനെ ആ സ്ഥാനത്ത് ഇരിക്കും. കലൂരില്‍ അടക്കം ഇപ്പോഴും നിരവധി ബോര്‍ഡുകള്‍ കാണാം. ഹൈക്കോടതി നോക്ക് കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വര്‍ഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ മറുപടി നല്‍കി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു. ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിയെന്ന് കോടതിയും മറുപടി നല്‍കി.

