ന്യൂഡൽഹി: വിദേശത്ത് എംബിബിഎസ് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യർത്ഥികളെ ഇന്ത്യയിലേക്ക് മടക്കി എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രഹ്ലാദ് ജോഷിയുടെ പരാമർശം.
വിദേശത്ത് മെഡിസിൻ പഠിക്കുന്നവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രവർത്തിക്കാൻ വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് പരീക്ഷ പാസാകണമെന്നത് നിർബന്ധമാണ്. ‘വിദ്യാർത്ഥികൾ എന്തുകൊണ്ടാണ് വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇത് ശരിയായ സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും മെഡിസിൻ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ചില രാജ്യങ്ങളിൽ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ ചെലവിൽ എംബിബിഎസ് ബിരുദം നേടാമെന്നതാണ് ഇതിന് കാരണം. ഇന്ത്യയെ അപേക്ഷിച്ച് വിദേശത്തുള്ള മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നത് എളുപ്പമാണെന്നതാണ് വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കാനുള്ള മറ്റൊരു കാരണം.

